Friday, September 14, 2007

ഒരേ കടല്‍ - ഒരാസ്വാദനം

പ്രക്ഷുബ്ധമാകുന്ന മനസ്സുകള്‍ തിരയൊടുങ്ങാത്ത കടല്‍ പോലെയാണെന്നു ശ്യാമപ്രസാദിന്റെ ഈ സിനിമ നമ്മളോടു വിളിച്ചു പറയുന്നു. അതു തകര്‍ക്കുന്നതു ശാന്തമായ അനേകം തീരങ്ങളെയാണ്‌. ഒറ്റ നോട്ടത്തില്‍ ഒരവിഹിതബന്ധത്തിന്റെ കഥ പറയുന്ന ഈ സിനിമ പക്ഷെ ആസ്വാദകമനസ്സുകളില്‍ അനിര്‍വചനീയമായ എന്തൊക്കെയൊ വികാരങ്ങളും വിചാരങ്ങളും കോറിയിടുന്നുണ്ട്‌. തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഈ സിനിമ എവിടെയൊ നമ്മെ പിന്തുടരുന്നുണ്ട്‌. അതുകൊണ്ട്‌ മുഖ്യധാരാ സിനിമകളില്‍ പെടുന്നില്ലെങ്കിലും തീര്‍ച്ചയായും മനസ്സില്‍ തട്ടിയ നല്ലൊരു സിനിമ തന്നെയാണു ഒരേ കടല്‍.
മാറുന്ന സമൂഹത്തിലെ ഒരവിഹിതത്തിനുമപ്പുറം തൊഴിലില്ലായ്മയും ദാരിദ്യ്‌രവും മാനസികസംഘര്‍ഷങ്ങളും മറ്റു പലതും ഈ സിനിമ വിഷയമാക്കുന്നുണ്ട്‌. pshychology മുതല്‍ economy വരെ, emotions മുതല്‍ relations വരെ പലതും ഈ ചിത്രം കൈകാര്യം ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ ആദ്യത്തേതിന്റെ പരിണിതഫലമാണു രണ്ടാമത്തേത്‌. അതായത്‌ ജീര്‍ണ്ണമായ ഒരു സമൂഹമനസ്സിന്റെയും ഭരണവ്യവസ്ഥയുടെയും പ്രതിഫലനമാണ്‌ ദാരിദ്ര്യരേഖയ്ക്കു താഴെ തലകുത്തനെ വളരുന്ന നമ്മുടെ economy എന്നും വികാരങ്ങളാണ്‌ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതെന്നും വൈകാരികമായ അടിത്തറയില്ലാത്തവ ശാശ്വതമല്ലെന്നും കൂടി ഈ ചിത്രം നമുക്കു കാണിച്ചു തരുന്നു. ഒരിക്കലും ഇതൊരു slow moving picture അല്ല. വളരെ പതുക്കെ മറയുകയും തെളിയുകയും ചെയ്യുന്ന shot-കള്‍ക്കിടയിലുള്ള സുന്ദരമായ കുറെ നിമിഷങ്ങളുടെ നിശബ്ദത ഒഴിച്ചാല്‍ ഈ സിനിമയില്‍ നിശബ്ദത ഇല്ല. shot-കള്‍ക്കിടയിലുള്ള സുന്ദരമായ ഈ നിശബ്ദത വരുന്ന scene -ല്‍ എന്താണെന്നു അറിയാനുള്ള ഒരു താല്‍പര്യം വളര്‍ത്തുന്നു.
മമ്മൂട്ടിയുടെ നാഥനും മീര ജാസ്മിന്റെ ദീപ്തിയും അഭിനയസാധ്യതയുടെ അനന്തമായ മാനങ്ങള്‍ തേടുന്നു. ആരാണു കൂടുതല്‍ മികവുപുലര്‍ത്തിയതെന്നു സന്ദേഹമുണ്ടാകുന്ന വിധം രണ്ടുപേരും മത്സരിച്ചഭിനയിച്ചിരിക്കുന്നു. സഹനടീനടന്മാരായ നരേന്‍, രമ്യ കൃഷ്ണന്‍ എന്നിവരും തങ്ങളുടെ റോള്‍ വളരെ പക്വമായ അഭിനയത്തിലൂടെ മികച്ചതാക്കി. മീരയുടെ മകളായി അഭിനയിച്ച കൊച്ചുകുട്ടി പോലും അസാധ്യമായ ഭാവപ്രകടനങ്ങളിലൂടെ അതിശയിപ്പിയ്ക്കുന്നു.
മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞു പോകുന്ന സംഭാഷണങ്ങളും ഈ ചിത്രത്തിലുടനീളം നിറയുന്നു. "എന്റെ 17-ആം വയസ്സില്‍ ഭക്ഷണം കിട്ടാതെ മരിച്ചുപോയ എന്റെ കുട്ടിയാണ്‌ ഇന്നത്തെ എന്നെ പ്രസവിച്ചത്‌" എന്നു രമ്യ കൃഷ്ണന്‍ (ബെല്ല) പറയുന്നിടത്ത്‌ സുരേഷ്‌ ഗോപിയുടെ സിനിമകളിലെ കുറെ dialogue-കള്‍ ചേര്‍ത്തുവച്ചാലുണ്ടാകുന്ന ഒരു പ്രകമ്പനമാണു മനസ്സില്‍ അതുണ്ടാക്കുന്നത്‌. ഭ്രാന്തമായ ഒരു കടിയുടെ ഫലമായി നാഥന്റെ നെഞ്ചിലുണ്ടാകുന്ന മുറിവ്‌, "വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുണങ്ങാതെ കിടക്കുന്നു" എന്നു പറയുമ്പോള്‍ ഏതൊരു സ്ത്രീപക്ഷസംഘടനക്കും നല്‍കാന്‍ കഴിയാത്ത ഒരു സന്ദേശമാണ്‌ ദീപ്തി ഉണ്ടാക്കിയ മുറിവിന്റെ ഫലമായി നാഥന്റെ മനസ്സു പുറത്തുവിടുന്നത്‌. അഥവാ ആഴത്തിലുള്ള ഒരു മുറിവേല്‍ക്കുന്നതുവരെ തന്റെ മനസ്സും താന്‍ ചെയ്ത പാപങ്ങളും അയാള്‍ തിരിച്ചറിയാതെ പോകുന്നു. ആലോചിയ്ക്കുന്തോറും പുതിയ അര്‍ത്ഥ തലങ്ങളിലേക്കു പടര്‍ന്നു കയറി പോകുന്നു ഈ സിനിമ.
ചിത്രവുമായി ഇഴുകിച്ചേര്‍ന്നുകിടക്കുന്ന ഏതാനും നല്ല ഗാനങ്ങളാണ്‌ ഇതിലെ മറ്റൊരു സവിശേഷത. ഗിരീഷ്‌ പുത്തഞ്ചേരി എഴുതി ഒരേ രാഗത്തില്‍ ഔസേപ്പച്ചന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനങ്ങള്‍ ഏറെ ഹ്രുദയസ്പര്‍ശിയായി. വിനീത്‌ ശ്രീനിവാസന്‍ പാടിയ "നഗരം നഗരം" എന്നു തുടങ്ങുന്ന ഗാനം ആലാപനം കൊണ്ടും ചിത്രീകരണവൈവിധ്യം കൊണ്ടും മേന്മ പുലര്‍ത്തി. ഇടയിലെ മമ്മൂട്ടിയുടെ monologue "തിരകള്‍ക്കും തീരങ്ങള്‍ക്കുമിടയിലെ.... എന്റെ ഞാനെന്ന ഭാവം..." , ശബ്ദഗാംഭീര്യം കൊണ്ടു അമിതാഭ്‌ ബച്ചനെ അനുസ്മരിപ്പിച്ചു.
തുടക്കം മുതല്‍ ഒടുക്കം വരെ outdoor scene- കള്‍ കാര്യമായി ഇല്ലാതിരുന്നിട്ടും ഷോട്ടുകളിലെ വൈവിധ്യവും പുതുമയും നിലനിര്‍ത്താന്‍ ശ്യാമപ്രസാദിനും അഴകപ്പന്റെ ക്യാമറയ്ക്കും കഴിഞ്ഞിട്ടുണ്ട്‌. Close up shot- കളില്‍ നിറഞ്ഞു നില്‍ക്കുന്ന മീരയും മമ്മൂട്ടിയും പകര്‍ന്നു തരുന്ന ഭാവങ്ങള്‍ മറ്റേതൊരു അഭിനേതാവിനും അസൂയ ഉളവാക്കാന്‍ പോന്നവയാണ്‌. വെളിച്ചത്തിന്റേയും നിഴലിന്റെയും അനന്യമായ ഒരു സമന്വയവും ഈ ചിത്രത്തിലുടനീളം കാണാം.
മൂലകഥ ബംഗാളിനോവലില്‍ നിന്ന് എടുത്തിട്ടുള്ളതാണെങ്കിലും പാത്രസ്രുഷ്ടിയില്‍ അസാമാന്യപാടവവും സൂക്ഷ്മതയും പുലര്‍ത്തിയിരിക്കുന്നു ശ്യാമപ്രസാദ്‌. അടിക്കടി ബന്ധങ്ങളെയും വികാരങ്ങളെയും നിഷേധിക്കുമ്പോഴും നാഥന്‍ ഒരു തികഞ്ഞ materialist അല്ലെന്നും അറുത്തു മാറ്റാനാവാത്ത നന്മയുടെ വേരുകള്‍ അയാളില്‍ ബാക്കി നില്‍ക്കുന്നുവെന്നും പല സംഭവങ്ങളും ആദ്യം മുതലേ വ്യക്തമാക്കുന്നുണ്ട്‌. മീരയുടെ കഥാപാത്രമാവട്ടെ അമ്മയായും കാമുകിയായും ഭ്രാന്തിയായും കുടുംബിനിയായും നിറഞ്ഞുനില്‍ക്കുമ്പോഴും മുഴുവനായും മനസ്സിലാക്കാവാനാവാത്ത സ്ത്രീമനസ്സിന്റെ പ്രതീകമായി വര്‍ത്തിക്കുന്നു. ഭ്രാന്തിന്റെ വക്കിലേെയ്ക്കു തിരിച്ചുപോകുന്ന പ്രക്ഷുബ്ധമായ മനസ്സിനെ ഒരു നിമിഷം കൊണ്ടു ശാന്തമാക്കാന്‍ മീര ശ്രമിക്കുന്നുണ്ടെങ്കിലും തിരയൊഴിയാത്ത മറ്റൊരു കടലില്‍ അലിഞ്ഞുചേരുകയാണു അവള്‍ ചെയ്യുന്നത്‌. "ഒരേ കടല്‍"-ന്റെ തിരകളാണു രണ്ടുപേരിലും ആര്‍ത്തിരമ്പുന്നത്‌.
അവസാനത്തെ shot -ലെ മുകളിലേക്കു പടവുകള്‍ കയറിപ്പോകുന്ന പെണ്‍കുട്ടിയില്‍ ഈ സിനിമ അവസാനിക്കുകയല്ല. അവള്‍ക്കുമുന്നില്‍ ഇനിയും പടവുകള്‍ ബാക്കിയാണ്‌. സ്വന്തം അച്ഛനില്‍ മുഴുവനായും അവള്‍ എത്തിച്ചേരുന്നില്ല. അനുസ്യൂതം ഒഴുകുന്ന പുഴകളും പൂര്‍ണ്ണമായും ഒരിക്കലും കടലില്‍ അലിഞ്ഞുചേരുന്നില്ല. ഈ ചിത്രം തീയേറ്റര്‍ വിട്ടിറങ്ങുന്ന നമ്മുടെ മനസ്സിലും അവസാനിക്കുന്നില്ല. കാലികവും സാമൂഹികവും മാനസികവുമായ ഒട്ടേറെ സമസ്യകള്‍ അതു ബാക്കിനിര്‍ത്തുന്നു. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി. അവിടെയാണ്‌ മഹത്തായ ഒരു ചിത്രത്തിന്റെ വിജയവും.