Wednesday, October 17, 2007

ഒരു കുട്ടിക്കഥ: ഒരു ചാനല്‍ SMS-ഉം സാദാ SMS-ഉം കണ്ടുമുട്ടിയപ്പോള്‍

മഴക്കോളുള്ള ഒരു രാത്രിയില്‍ കുണ്ടും കുഴിയുമില്ലാത്ത ഒരു ആകാശവീഥിയില്‍ വച്ച്‌ അവര്‍ കണ്ടുമുട്ടി. പ്രണയഭാരം തുളുമ്പുന്ന ഒരു ചാക്കുകെട്ടുമായി പ്രണയിനിയുടെ സവിധത്തിലേക്കു പോവുകയായിരുന്നു സാദാ SMS. അപ്പ്പോഴതാ വരുന്നു കെട്ടിലും മട്ടിലും തന്നേക്കാള്‍ 3 ഇരട്ടി തിളക്കമുള്ള ഒരു SMS.
ആരാ? എവിടുന്നാ? ജിജ്ഞാസ അടക്കാനാവാതെ SMS ചോദിച്ചു.
"ഞാന്‍ ചാനല്‍ SMS. ജനപ്രീതിനേടിയ ഒരു ചാനലിലേക്കു പോകുന്നു".
എന്താ ചാക്കിനുള്ളില്‍?

അതോ മ്മടെ മറ്റേക്കുട്ടീടെ പേരും പിന്നെ ഇടയില്‍ കുറച്ചു സ്പേസും അങ്ങനെ എന്തൊക്കെയൊ.

ഏതു മറ്റേക്കുട്ടി ?

ശ്ശൊ അതേ ആ പാട്ടുപാടുന്നതേ, കാണാനും കൊള്ളാം . ഭാവിയിലെ സിനിമാതാരമാന്നാ എല്ലാരും പറയണെ. നല്ല തങ്കം പോലത്തെ സ്വഭാവോം. TV ഒന്നും കാണാറില്ലല്ലേ.

ഓഹ്‌ എനിക്കെവിടെ സമയം. 2 അനുരാഗബദ്ധരുടെ ഇടയില്‍ പെട്ടുപോയില്ലേ?. ഇവിടന്നങ്ങു ചെല്ലേണ്ട താമസം ലവളെന്നെ ഇങ്ങോടയക്കും. തിരിച്ചുചെല്ലുമ്പം അവനെന്നെ അങ്ങോടയക്കും. യാത്ര തന്നെ യാത്ര.

അതിരിക്കട്ടെ വരവു കണ്ടിട്ടേതോ രാജകൊട്ടാരത്തീന്നു ?

ഒഹ്‌.. ഈ വേഷം കണ്ടിട്ടാണോ? ഇതൊക്കെ വെറുതേ. വരുന്നതൊരു അത്താഴപ്പഷ്ണിക്കാരന്റെ വീട്ടീന്ന്‌. അരി വാങ്ങാന്‍ വച്ചിരുന്ന കാശ്‌ എടുത്ത്‌ തന്ന് എന്നെ പറഞ്ഞ്‌ വിട്ടതാ. കഴിഞ്ഞ ആഴ്ച ആ കൊച്ച്‌ വന്ന് കരഞ്ഞ്‌ പറഞ്ഞതല്ലേ. ഞാന്‍ മാത്രമല്ല എന്നെപ്പോലെ ഇനീം വരുന്നുണ്ട്‌ ചിലര്‍ അവിടെ നിന്നും. ഒന്നു കൊണ്ട്‌ എന്താവാനാ ?

അപ്പൊ താനും പുറകേ വരുന്നവരുമാണ്‌ ആ കൊച്ച്‌ അടുത്ത round -ലെക്കു പോകണൊ എന്നു തീരുമാനിക്കുന്നത്‌ അല്ലയോ ? ടിവി കാണാറില്ലെങ്കിലും ഞാനും കേട്ടു ചിലത്‌.

എന്നൊക്കെയാ പാവം അവറ്റുങ്ങള്‍ വിചാരിക്കുന്നത്‌. പക്ഷെ അടുത്ത round ഒക്കെ എപ്പൊഴേ record ചെയ്തു കഴിഞ്ഞു. ഞങ്ങളൊക്കെ വെറുതെ.. അവരുടെ കീശ നിറക്കാന്‍.....

അപ്പോള്‍ അതു വഴി കടന്നുപോയ ചില വൃത്തികെട്ട SMS -കള്‍ ഇവരുടെ സംഭാഷണങ്ങള്‍ എത്തിനോക്കിയെങ്കിലും മഴക്കോളുള്ളതുകൊണ്ടും പട്ടിപിടിത്തക്കാര്‍ ഇറങ്ങിയിട്ടുള്ളതുകൊണ്ടും ലക്ഷ്യസ്ഥനത്തേക്ക്‌ കൂടുതല്‍ വേഗത്തില്‍ നടന്നു പോയി.

ചാനല്‍ SMS തുടര്‍ന്നു... ഞങ്ങളെ നോക്കിയിരിക്കുകയാ അവര്‍ കടിച്ചു കീറാന്‍.. ചെല്ലട്ടെ..പകുതി അവര്‍ക്കും ബാക്കി മറ്റവന്മാര്‍ക്കും. ആര്‍ക്കും പ്രയോജനമില്ലാതെ വെറും പാഴ്‌ SMS-കളായി ഞങ്ങളും.

അത്താഴപ്പട്ടിണിക്കാരന്റെ ദുഖവും സ്വന്തം അസ്തിത്വ ദുഖവും പേറി ആ ചാനല്‍ SMS വീണ്ടും യാത്രതുടര്‍ന്നു