Sunday, February 10, 2008

ക്യാമ്പസ് ഓര്‍മ്മകള്‍ - അബദ്ധം 1

[ തിരുവനന്തപുരത്ത് കാര്യവട്ടം യൂണിവേര്‍സിറ്റി ക്യാമ്പസ്-ലായിരുന്നു MSc പഠനം. അക്കാലത്തു നടന്ന രസകരമായ സംഭവങ്ങളിലൊന്ന് നിങ്ങളുടെ അറിവിലേക്കായി ഇവിടെ ചേര്‍ക്കുന്നു. ]

ക്യാമ്പസില്‍ വന്നിട്ടു ആദ്യത്തെ ആഴ്ച. സഹപാഠിയും കൂട്ടുകാരനും ആയ ഒരുവന്‍ ആയിരുന്നു താമസിക്കാന്‍ കഴക്കൂട്ടത്തു ഭാര്‍ഗവീനിലയം പോലെ ഉളള ആ വീടുകണ്ടുപിടിച്ചത്‌. എന്തായാലും ഞങ്ങള്‍ മൂന്നുപേര്‍ അവിടെ കേറി അങ്ങു താമസം തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആയപ്പോള്‍ ഒന്നാമന്‍ പറഞ്ഞു, "ടേയ്‌, ഞാന്‍ വീട്ടില്‍ പോണയാണ്‌. നീ വരുന്നോ." വര്‍ക്കല വരെ പോയാല്‍ മതി അവന്റെ വീട്ടിലേക്കു. രണ്ടാമനും വിളിച്ചു കൊല്ലത്തുള്ള അവന്റെ വീട്ടിലേക്കു. " ഡായ്‌, തോനെ ദൂരം ഒന്നുമില്ല. നീ വരുന്നേല്‍ വാ. "

ഇവിടെ ആണെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക്‌ . പേടി ഒന്നും ഉണ്ടായിട്ടല്ല, ഇനി ഏതെങ്കിലും പ്രേതങ്ങള്‍ എന്നെ കണ്ടു പേടിച്ചാലൊ? പക്ഷെ ആരുടെ ക്ഷണം സ്വീകരിക്കും. ഒരാളുടെ ക്ഷണം സ്വീകരിച്ചാല്‍ മറ്റേ ആള്‍ക്കെന്തു തോന്നും ? മാത്രമല്ല ഒരാഴ്ച്ച പോലും ആയില്ല, അതിനു മുന്‍പേ ചാടിക്കേറി ചെന്നാല്‍ എന്നെപ്പറ്റി ഇവര്‍ എന്തു വിചാരിക്കും. ശ്ശെ വേണ്ട. ഞാന്‍ പറഞ്ഞു. "ഏയ്‌,ഞാനില്ല,നിങ്ങള്‍ പോയിട്ടു വാ ".

അങ്ങനെ അവര്‍ യാത്രപറഞ്ഞു പോയി. ഇനി എങ്ങനെ സമയം കൊല്ലും? ടീവി ഇല്ല. റേഡിയോ ഇല്ല. MP3 പ്ലെയര്‍ അന്നു കണ്ടുപിടിച്ചിട്ടുപോലുമില്ല . എന്തെങ്കിലും വായിക്കാം എന്നു വച്ചാല്‍ കറന്റും ഇല്ല. റാഗിങ്ങ് പേടിച്ചു ഹോസ്റ്റെലിലോട്ടും വയ്യ. ആകപ്പാടെ ഒരു ഏകാന്തദ്വീപിലകപ്പെട്ട പ്രതീതി. എന്നാല്‍ പോയി ഒരു സിനിമ കണ്ടുകളയാം. നേരെ വച്ചുപിടിച്ചു കഴക്കൂട്ടം മഹാദേവയിലേക്കു. (കൃഷ്ണയല്ല). അവിടെ ചെന്നു നോക്കിയപ്പോള്‍ ഇനിയും 1-2 മണിക്കൂര്‍ ഉണ്ടു പടം തുടങ്ങാന്‍. ചുറ്റുപാടും ഒന്നു കണ്ണോടിച്ചപ്പോള്‍ അതാ ദൂരെയായി ഒരമ്പലം, ഒരു കുളം, കുറെ മരങ്ങള്‍, ആകെപ്പാടെ കൊള്ളാവുന്ന ഒരു പ്രക്രുതിദ്രുശ്യം. പ്രക്രുതി പണ്ടേ ഒരു വീക്നെസ്സ് ആയിരുന്നു. ആ ദ്രുശ്യം കൂടുതല്‍ അടുത്തു നിന്നു ആസ്വദിക്കാനുള്ള ഒരു ആക്രാന്താത്മകത്വത്താല്‍ പ്രേരിതനായി ഞാന്‍ അങ്ങോടുള്ള വഴിയേ നടന്നു.

നടന്നു നടന്നു ആ വഴിയുടെ അറ്റത്തു എത്തിയപ്പോള്‍ അതു അവിടെ അവസാനിക്കുന്നതായും അമ്പലത്തിന്റെ സമീപത്തേക്കു കടക്കാന്‍ അവിടെ നിന്നും മറ്റൊരു മാര്‍ഗം ഇല്ലാത്തതായും ഞാന്‍ കണ്ടെത്തി. മറ്റൊരു വഴി തേടി അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ടും ഒന്നും കാണാത്തതിനാലും ചോദിക്കാന്‍ ഒരു മനുഷ്യജീവി പോലും ആ പ്രദേശത്തെങ്ങും ഇല്ലാത്തതിനാലും ഞാന്‍ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചു നടന്നു. കുറച്ചു കഴിഞ്ഞപ്പോഴാണു ലക്ഷണമൊത്ത മൂന്നു തടിയന്മാര്‍ എന്നെ പിന്തുടരുന്നു എന്ന സത്യം ഞാന്‍ മനസ്സിലാക്കിയതു. ഞാന്‍ തിരിഞ്ഞുനോക്കുന്നതു കണ്ടിട്ടാവണം അതിലൊരാള്‍ ചോദിച്ചു. "ബീഡിയുണ്ടോ അണ്ണാ?". ബീഡിയില്ല എന്നു പറയുന്നതിനൊപ്പം എന്റെ കാലുകള്‍ക്കു സ്പീഡ്‌ ഇരട്ടിയാവുന്നതു ഞാന്‍ തിരിച്ചറിഞ്ഞു.

കഴക്കൂട്ടം മാര്‍ക്കറ്റിലൂടെ ഞാന്‍ വീണ്ടും ഒരു ഷോര്‍ട്ട് കട്ട് എടുത്തു. അതിനിടയില്‍ അവര്‍ എവിടെയൊ അപ്രത്യക്ഷമായി. ഇനി ഇപ്പൊ വെറുതെ ചുറ്റിത്തിരിയാതെ വീട്ടില്‍ പോയി ഇരുന്നിട്ടു സമയം ആവുമ്പോള്‍ തിരികെ വരാം. ഒരു കടയില്‍ നിന്നും ദാഹശമനിയും മറ്റെന്തൊക്കെയോ വാങ്ങി വീട്ടിലെക്കുള്ള വഴിയിലേക്കു കയറിയപ്പോള്‍ അതാ വീണ്ടും അവര്‍. ഇപ്പോള്‍ 2 പേരെ ഉള്ളൂ. മൂന്നാമനു പകരം ഒരു സൈക്കിള്‍ ആണു. എന്നെ അവര്‍ വഴിയില്‍ തടഞ്ഞു ഞാന്‍ അവിടെ എന്തുചെയ്യുന്നെന്നും ആ സ്ഥലത്തു എന്തിനു പോയി എന്നും അവര്‍ ചോദിച്ചു. ഞാന്‍ എന്റെ നിരപരാധിത്വം വിശദീകരിച്ചു. സ്ഥലം ച്ചിരി കലിപ്പാണെന്നും അവിടെ അങ്ങനെ ആരും വരാറില്ല എന്നും പറഞ്ഞു അവര്‍ പോയി.

എതാണ്ടു ഒരു 5-10 മിനിറ്റ്‌ ആയിക്കാണും , വീട്ടിനുള്ളില്‍ നിന്നും വെളിയിലേക്കു നോക്കിയപ്പോള്‍ ഒരു വന്‍ ജനാവലി. ഏതെങ്കിലും പാര്‍ട്ടി സമ്മേളനത്തിനോ മറ്റൊ പോയിട്ടുവരുന്നവരാകും. പക്ഷെ അവര്‍ അവിടെ തന്നെ നില്‍ക്കുകയാണല്ലോ. മാത്രമല്ല ഇടക്കിടെ ഇങ്ങോട്ടു നോക്കി എന്തൊക്കെയൊ പറയുന്നുമുണ്ട്‌. എവിടെനിന്നോ വന്ന ധൈര്യവും സംഭരിച്ചു ഞാന്‍ പുറത്തേക്കു ചെന്നു. മമ്മൂട്ടിയെക്കണ്ടു ആരാധകര്‍ പൊതിയുന്ന പോലെ ജനക്കൂട്ടം എന്റെ നേരെ വന്നു. പക്ഷെ ആരുടെ കയിലും ഓട്ടോഗ്രാഫ് ഇല്ലായിരുന്നു. ചിലരുടെ കൈപ്പത്തി ചുരുട്ടിയിരുന്നു. മറ്റു ചിലര്‍ കൈ പുറകില്‍ ഒളിപ്പിച്ചിരുന്നു. പക്ഷെ ആരും എന്നോടൊന്നും ചോദിച്ചില്ല. അവരുടെ കൂടെ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. കൂടിവന്നാല്‍ ഒരു 8-ആം ക്ലാസ്സില്‍ പഠിക്കുന്ന പ്രായം. കറുത്തു മെലിഞ്ഞു നന്നായി ഭക്ഷണം പോലും കഴിക്കാന്‍ വകയില്ലാത്ത എതോ ഒരു വീട്ടിലെ കുട്ടി. അവര്‍ ആ കുട്ടിയോടു ചോദിച്ചു. "മോളേ ഇതാണൊ ആള്‌?". കുട്ടി എന്നെ ഒന്നു രണ്ടു പ്രാവശ്യം സംശയദ്രുഷ്ട്യാ നോക്കി മൊഴിഞ്ഞു. "അല്ല". ജനക്കൂട്ടം പതുക്കെ നിരാശരായി മടങ്ങുവാന്‍ തുടങ്ങി. അതിലൊരാളൊടു വീണ്ടുകിട്ടിയ ധൈര്യത്തില്‍ ചോദിച്ചു. എന്താണു പ്രശ്നം?
അവിടെ ഒരു മോഷണം നടന്നുവെന്നും അവര്‍ മോഷ്ടാവിനെ തപ്പി ഇറങ്ങിയതാണെന്നും അയാള്‍ പറഞ്ഞു.

എന്നാലും പിന്നെയും എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നതായി തോന്നി, പരിസരം ഒന്നുകൂടെ നോക്കിയപ്പോള്‍ അതിലൊരാള്‍ ഞങ്ങളുടെ അയല്‍ക്കാരനോടു സംസാരിക്കുന്നതു കണ്ടു. ആ നല്ലവനായ അയല്‍ക്കാരന്‍ എന്നോടു കാര്യം പറഞ്ഞു. ആ പെണ്‍കുട്ടി എന്നും സ്കൂളില്‍ പോകുന്ന വഴി ആരോ കമന്റ് അടിക്കാറുണ്ടത്രേ. ആ ദ്രോഹി അന്നു വൈകുന്നേരം ഞാന്‍ അവിടെ എത്തിയ സമയത്തു അവിടെ ചെല്ലാമെന്നു പറഞ്ഞിരുന്നു ആ കുട്ടിയോട്‌. അതും ഒരു ചുമന്ന ഷര്‍ട്ട് ഇട്ടു. ഞാന്‍ അന്നു ഇട്ടിരുന്നതും ഒരു ചുമന്ന ഷര്‍ട്ട് ആയിരുന്നു. അങ്ങേര്‍ക്കും കുറച്ചു താടി ഉണ്ടായിരുന്നു. എനിക്കും....

ഭാഗ്യം. ആ കുട്ടി ആളെ നന്നായി കണ്ടിട്ടില്ലായിരുന്നെങ്കില്‍, ഇതു തന്നെ ആണെന്നു തൊന്നുന്നു എന്നോ മറ്റോ പറഞ്ഞിരുന്നെങ്കില്‍, FIFA വേള്‍ഡ് കപ്പ് സ്റ്റേഡിയം-ത്തില്‍ എത്തപ്പെട്ട ഒരു ഫുട്ബാള്‍ -ന്റെ അവസ്ഥ ആയേനെ എനിക്ക്‌. അതോര്‍ത്തപ്പോള്‍ ഉള്ളംകാലില്‍ നിന്നും ഒരു ഉള്‍പ്പുളകം പുറപ്പെട്ടു മസ്തിഷ്ക്കത്തില്‍ എവിടെയോ അവസാനിച്ചു.

എന്നാലും സഹതാപം അര്‍ഹിക്കുന്ന ആ കുട്ടിയെപ്പോലും വെറുതെ വിടാത്ത ആ കശ്മലന്റെ സര്‍ഗബോധത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ചിരിക്കണോ കരയണോ എന്നോര്‍ത്ത്‌ ഞാന്‍ വിഷമവൃത്തത്തിലായി. കാലമേറെക്കഴിഞ്ഞെങ്കിലും ആ വൃത്തം ചുരുങ്ങി ചതുരമായും ചതുരം ഒരു ബിന്ദുവായും മാറിയെങ്കിലും , ഇപ്പോഴും മൂക്കിനു താഴെ വന്നു തിരിച്ചുപോയ ആ അടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തോ ഒരു ഇത്‌.. ആ അതു തന്നെ......

Sunday, February 03, 2008

ബൂലോക വൈറസ്

ബൂലോക വൈറസ്
============
രാവിലെ ഒരു കട്ടന്‍ ചായയുമായി ബ്ലോഗിന്റെ താളുകള്‍ മറിക്കാന്‍ തുടങ്ങിയതാണ്. ഈയിടെയായി സമയക്കുറവു മൂലം എന്നിലെ വായനക്കാരന്‍ സജീവമല്ല. ഇന്നെന്തായാലും കുറെ വായിച്ചിട്ട് തന്നെ കാര്യം. സ്ഥിരം വായനക്കാരനായ ഒരു സുഹൃത്ത് അയച്ചു തന്ന ഗൂഗിള്‍ റീഡര്‍ ലിസ്റ്റ്‌-ല്‍ നിന്നും ലിന്കുകളില്‍ നിന്നും തുടങ്ങി. എന്ത് പറയാന്‍. ഒരു ബ്ലോഗില്‍ തുടങ്ങി, അതിന്റെ കമന്‍റ്-ലെ ലിങ്കുകളില്‍ തൂങ്ങിയാടി അടുത്ത ബ്ലോഗ്-ല്‍ ചാടി വായന തുടര്‍ന്നു കൊണ്ടേയിരുന്നു. എല്ലായിടത്തും വിഷയം അത് തന്നെ. വായിച്ചു ഹരം കയറി വരുന്നു. കട്ടന്‍ ചായ ഒന്നു, രണ്ട്, മൂന്നു. ......................

മണിക്കൂറുകള്‍ മൂന്നു പോയതറിഞ്ഞില്ല. എല്ലായിടത്തും കമന്റ് വര്‍ഷങ്ങള്‍ , ബ്ലോഗ് വായിക്കുന്നതിന്റെ മൂന്നിരട്ടി സമയം കമന്‍റ് വായിയ്ക്കാന്‍. ഇടയ്ക്ക് പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരു ലിങ്ക് കണ്ടു. രോഷാകുലനായി ഞാനും കയറി ഇട്ടു പ്രതിഷേധം.

എല്ലാം കഴിഞ്ഞപ്പോഴാണ് ഞാനീ കണ്ടുപിടിത്തം നടത്തിയത്. ഇതൊരു വൈറസ് ആണ്. കാമ്പുള്ളതെന്തെങ്കിലും വായിക്കാം എന്ന് കരുതി കയറിയ എന്നെ അത് ബാധിച്ചു. ഇപ്പോള്‍ ബൂലോകരെ മൊത്തം അത് ബാധിച്ചിരിക്കുന്നു. ബ്ലോഗുകളില്‍ നിന്നും ബ്ലോഗുകളിലേക്ക് അത് പടര്‍ന്നു കൊണ്ടിരിക്കുന്നു. ബ്ലോഗ്ഗെര്‍മാര്‍ പേന (മൌസ്?) മടക്കി വച്ചു വാളെടുക്കുന്നു. കഥ എഴുതുന്നുവര്‍ തെറി എഴുതുന്നു. കാര്‍ട്ടൂണ്‍് വരക്കുന്നവര്‍ വൈറസിന്ടെ പടം വരയ്ക്കുന്നു.
എനിക്കോര്‍മ്മ വരുന്നു. എന്റെ ബ്ലോഗിലെ ഒരു കമന്‍റ് ആയിട്ടാണ് ഈ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടത്‌. (എന്റെ മാത്രം അല്ല ഞാന്‍ വായിച്ച എല്ലാ ബ്ലോഗുകളിലും അതിനെ കണ്ടു.) അതിനെ പിന്തുടര്‍ന്ന് പോയ ഞാന്‍ പലപ്പോഴും സമയം മെനക്കെടുത്തി എന്തൊക്കെയോ വായിച്ചു. ഒന്നും മനസ്സിലായില്ല. ആദ്യമൊക്കെ വിചാരിച്ചു എന്റെ എളിയ ബുദ്ധിക്കു മനസ്സിലാവാത്തത് ആയിരിക്കും. പിന്നെ ബ്ലോഗര്‍മാര്‍ ഒന്നടങ്കം ഇതൊക്കെ തന്നെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സമാധാനിച്ചു. വായന നിര്‍ത്തി. പിന്നെ വിവാദങ്ങള്‍ മാത്രം വായിയ്ക്കാന്‍ തുടങ്ങി. അവിടെയും ഇതു പടരുകയായിരുന്നു. എണ്ണിയാലൊടുങ്ങാത്ത കമന്റുകളായി. ബ്ലോഗുകളായി. ഇപ്പോള്‍ ബൂലോകം മൊത്തം അത് പടര്‍ന്നിരിക്കുന്നു. വൈറസ്സിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഇതാ
name : MKH
symptom: when a blog is affected with this, it will fill its own details in the blog and the comments section. when a blogger is affected with this he will read only about this virus and write only about this virus.
how to identify the virus : It is easy to identify the virus because it has a real name and signature unlike other bloggers. if your blog or somebody else's blog mentions this name it is affected by this virus.
threats : It destroys writing skills and reading habits from your hard disk and deletes the links to other blogs which does not mention about this virus.
remedy: Anti-virus blogs. Post and read as many blogs as possible which does not take the name of this virus and save ബൂലോകം.